തിരുവനന്തപുരം: ക്രൈസ്റ്റ് നഗർ സെൻട്രൽ സ്കൂളിലെ ഓണാഘോഷം ‘ചിങ്ങനിലാവ് 2026’ വർണാഭമായ പരിപാടികളോടെ ആഘോഷിച്ചു. കേരളത്തിന്റെ തനത് സംസ്കാരവും പാരമ്പര്യവും കലാരൂപങ്ങളും ഓണത്തിന്റെ കൂട്ടായ്മയും വിളിച്ചോതുന്ന വൈവിധ്യമാർന്ന പരിപാടികളാണ് ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറിയത്.
പ്രശസ്ത പിന്നണിഗായകൻ കല്ലറ ഗോപൻ വിശിഷ്ടാതിഥിയായി പങ്കെടുത്തു. സ്കൂൾ മാനേജർ റവ. ഫാ. ഡോ. തോമസ് ചാത്തം പറമ്പിൽ സി.എം.ഐ. അധ്യക്ഷനായി. പ്രിൻസിപ്പൽ റവ. ഫാ. സിറിയക് കാനായി സി.എം.ഐ., സ്കൂൾ ബർസർ റവ.റോബിൻ പതിനാറിൽ ചിറ സി എം ഐ വൈസ് പ്രിൻസിപ്പൽ ശ്രീമതി ജയ ജേക്കബ് കോശി എന്നിവർ സന്നിഹിതരായിരുന്നു.ആൻസ മറിയംസാജു സ്വാഗതവും എവിൻ ആനന്ദ് ജോൺസ് നന്ദിയും അർപ്പിച്ചു.
വിദ്യാർഥികളുടെ സർഗാത്മക കഴിവുകൾക്കും കലാപ്രതിഭകൾക്കും വേദിയൊരുക്കിയ ‘ചിങ്ങനിലാവ്’ ഓണാഘോഷത്തിൽ വിവിധ കലാമത്സരങ്ങളും ഓണപ്പാരമ്പര്യവുമായി ബന്ധപ്പെട്ട അവതരണങ്ങളും അരങ്ങേറി. വിദ്യാർഥികളും അധ്യാപകരും ജീവനക്കാരും ഒരുമിച്ച് ആഘോഷത്തിൽ പങ്കുചേർന്നത് പരിപാടിക്ക് കൂടുതൽ മാറ്റുകൂട്ടി.
പരിപാടിയുടെ സംഘാടനത്തിന് അശ്വനി ആർ നായർ, സുപ്രിയ എസ്. എസ്. എന്നിവർ കൺവീനർമാരായി നേതൃത്വം നൽകി. വിദ്യാർഥികളുടെ ആവേശകരമായ പങ്കാളിത്തവും അധ്യാപകരുടെയും ജീവനക്കാരുടെയും കൂട്ടായ പ്രവർത്തനവും ആഘോഷത്തെ ശ്രദ്ധേയമാക്കി.